Kerala
തിരുവനന്തപുരം: കസ്റ്റഡി മര്‍ദനങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരായ നടപടി സസ്പെന്‍ഷനില്‍ ഒതുക്കാമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും കരുതരുതെന്നും സതീശൻ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസിൽ നിന്ന് പുറത്താക്കുന്നതുവരെ കോണ്‍ഗ്രസും യുഡിഎഫും സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസിലെ ഒരു കൂട്ടം ക്രിമിനലുകള്‍ നടത്തിയ ക്രൂരമര്‍ദനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തെളിവ് സഹിതം തുടര്‍ച്ചയായി പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മൗനം തുടരുന്നതില്‍ ദുരൂഹതയുണ്ടെന്നും സതീശൻ പറഞ്ഞു.
കുന്നംകുളത്തും പീച്ചിയിലും പോലീസ് ചെയ്ത ക്രൂരതയുടെ ദൃശ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അത് കണ്ടിട്ടുണ്ട്. എന്നിട്ടും പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുകയായിരുന്നു.
ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്കിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണം. ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ലെന്ന് തുടര്‍ച്ചയായി തെളിയുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെ നിയന്ത്രണത്തിലാണ് കേരളത്തിലെ പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയല്ലെങ്കില്‍ പിന്നെ ആരാണ് ഇതിനൊക്കെ മറുപടി പറയേണ്ടതെന്നും സതീശൻ ചോദിച്ചു.
ഒരു ഫേസ്ബുക്ക് പോസ്റ്റുപോലുമില്ല. ഒരു കാര്യത്തിലും മുഖ്യമന്ത്രിക്ക് അഭിപ്രായമില്ല. ഔദ്യോഗികമായ ബാധ്യതയില്‍ നിന്നാണ് മുഖ്യമന്ത്രി ഒളിച്ചോടുന്നത്. ജനങ്ങളെ ക്രൂരമായി തല്ലിക്കൊല്ലുന്ന പോലീസുമായി മുന്നോട്ടുപോയാല്‍ അതിശക്തമായ പ്രതിഷേധമുണ്ടാകുമെന്നും സതീശന് മുന്നറിയിപ്പ് നല്കി.
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ ഉള്‍പ്പെട്ട പോലീസുകാരെ സര്‍വീസില്‍നിന്ന് പുറത്താക്കണം. ഇതൊരു മാനസിക വൈകല്യമാണ്. കൂട്ടം ചേര്‍ന്ന് കാട്ടുന്ന അഹങ്കാരമാണിത്. കുറ്റം ചെയ്യാത്തവരോട് ഇങ്ങനെ പെരുമാറുന്നവര്‍ കുറ്റവാളികളോട് ഇതിനു വിപരീതമായാകും പെരുമാറുകയെന്നും സതീശൻ പറഞ്ഞു.
Kerala
തൃശൂർ: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മർദിച്ചവർ കാക്കി വേഷം ധരിച്ച് ഇനി പോലീസിൽ ജോലി ചെയ്യാമെന്ന് അവർ കരുതേണ്ടന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാക്കി വേഷം ധരിച്ച് അവർ ജോലി ചെയ്യില്ലെന്നും സതീശൻ വ്യക്തമാക്കി.
കസ്റ്റഡി മർദനമേറ്റ കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ വീട്ടിലെത്തി കണ്ടശേഷമായിരുന്നു സതീശന്റെ പ്രതികരണം. സുജിത്തിനെ മർദിച്ചവർ വീടിനു പുറത്തിറങ്ങില്ല. ഇതുവരെ കാണാത്ത സമരം കേരളം കാണുമെന്നും സതീശൻ പ്രതികരിച്ചു.
സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2023 ഏപ്രിൽ അഞ്ചിനു ചൊവ്വന്നൂരിൽ വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയതു ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണു പ്രകോപനമായത്. സുജിത്തിനെ എസ്ഐ നുഹ്മാൻ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് അർധനഗ്നനാക്കി സ്റ്റേഷനിലെ ഇടിമുറിയിലെത്തിച്ചു. തുടർന്ന് എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു.
Kerala
കൊച്ചി: സംഘടനാപരമായ കൃത്യതയാണു നിലന്പൂരിലെ വിജയത്തിനു പിന്നിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വരച്ചുവച്ചതുപോലെയാണ് നേതാക്കളും പ്രവര്‍ത്തകരും പ്രവര്‍ത്തിച്ചത്. ടീം യുഡിഎഫിന്റെ വിജയമാണിതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
സര്‍ക്കാരിനെതിരേ ജനങ്ങള്‍ക്കിടയിലുള്ള വെറുപ്പ് മാധ്യമങ്ങള്‍ക്കു മനസിലായില്ല. നീതിപൂര്‍വകമായ സമീപനമല്ല ചില മാധ്യമങ്ങള്‍ കാട്ടിയത്.
ബിജെപി സ്ഥാനാര്‍ഥി എങ്ങനെ വന്നുവെന്നുപോലും അന്വേഷിച്ചില്ല. ബിജെപിയും സിപിഎമ്മും തമ്മില്‍ അവിഹിതമായ ഒരു ബാന്ധവമുണ്ട്. പ്രണയത്തില്‍നിന്നും അകന്നുപോയ പ്രണയിനിയോടുള്ള പ്രണയാര്‍ദ്രമായ അപേക്ഷയും ഓര്‍മപ്പെടുത്തലുമാണ് തെരഞ്ഞെടുപ്പിന്റെ തലേന്ന് എം.വി. ഗോവിന്ദന് നടത്തിയത്.
എന്നാല്‍ അതു പാളിപ്പോയി. വെറുതെ ഒന്നും പറയുന്ന ആളല്ല എം.വി. ഗോവിന്ദന്. അവര്‍ ഒന്നിച്ചു നിന്നാലും സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധത്തെ മറികടക്കാനാകില്ല. ജാതീയമായി ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘപരിവാര്‍ അജൻഡയാണു സിപിഎം പുറത്തെടുത്തത്-പ്രതിപക്ഷ നേതാവ് പറഞ്ഞു.
എറണാകുളം ഡിസിസി ഓഫീസിൽ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ടിവിയിലൂടെയാണ് പ്രതിപക്ഷ നേതാവ് ഉപതെരഞ്ഞെടുപ്പു ഫലം അറിഞ്ഞത്.